പേരാവൂർ: അമ്പായത്തോട് മുതൽ മട്ടന്നൂർ 5പഞ്ചായത്തിലും ഒരു നഗരസഭയിലുമായി നിർമിക്കാൻ ഉദ്ദേശിക്കുന്ന 4 വരി പാതയുടെ വിദഗ്ധ സമിതി യോഗം പേരാവൂരിൽ നടത്തി. കിഫ്ബി, കിയാൽ, കേരള റോഡ് ഫണ്ട് ബോഡ്, തുടങ്ങിയവയുടെ പ്രതിനിധികളും പരിസ്ഥിതി വിദഗ്ധരും സാമൂഹിക ശാസ്ത്ര വിദഗ്ധരും നിയമവിദഗ്ധരും ഒക്കെ ചേർന്നാണ് റോഡിൻ്റെ സാമൂഹികാഘാതം വിദഗ്ധമായി പഠിക്കുക. 5 പഞ്ചായത്തുകളിലേയും പ്രസിഡൻ്റുമാർ, വൈസ് പ്രസിഡൻറുമാർ, പഞ്ചായത്തുകൾ നിർദ്ദേശിക്കുന്ന ജനപ്രതിനിധികൾ, എന്നിവർ യോഗത്തിൽ പങ്കെടുത്തു. വിദഗ്ധ സമിതിയംഗങ്ങൾ റിപ്പോർട്ട് സമർപ്പിച്ച ശേഷം വീണ്ടും ജനകീയ വിചാരണ ഉണ്ടായേക്കാം. 11 (1) നോട്ടിഫിക്കേഷൻ അതിന് ശേഷമായിരിക്കും പുറപ്പെടുവിക്കുക. നിലവിൽ തന്നെ നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്. പക്ഷെ എത്ര പരാതികൾ എന്നോ, പരാതികളിലെ വിവരങ്ങൾ എന്തൊക്കെയെന്നോ പുറത്തുവിട്ടിട്ടില്ല. 4 വരി പാതയുടെ ഗുണങ്ങൾ, ദോഷങ്ങൾ ഒക്കെ പഠിച്ച് റിപ്പോർട്ട് നൽകുമെന്നാണ് പറഞ്ഞിട്ടുള്ളത്. വിശദമായ പഠനമായതിനാൽ എത്രത്തോളം നീളുമെന്ന് പറയുക വയ്യ. പഞ്ചായത്ത് തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പു ഒരു വർഷത്തിനു വരുമെന്നതിനാൽ ഗുണഗണങ്ങൾ പ്രചാരണ വിഷയമാകേണ്ടതുള്ളതുകൊണ്ട് റിപ്പോർട്ട് അതിവേഗം ,തയാറാക്കാനാകും നീക്കമെന്ന് വ്യക്തമാണ്. റോഡിൻ്റെ വ്യവസ്ഥകൾ ഭാവി നടപടിക്രമങ്ങൾ, നഷ്ടപരിഹാരം സംബന്ധിച്ച വിവരങ്ങൾ, പുനരുദ്ധാരണ പ്രവർത്തനങ്ങൾ, പുനരധിവാസം, റോഡ് വരുന്നതു മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ഒന്നും ഇതുവരെ പൊതുജനത്തിന് കൃത്യമായി ലഭിച്ചിട്ടില്ല. വിദഗ്ധ സമിതി റിപ്പോർട്ടിൽ ഇവയൊക്കെ ഉണ്ടാകുമോ എന്നും വ്യക്തമല്ല. വിദഗ്ധ സമിതി പ്രവർത്തനം തീർത്തും രഹസ്യമായിരിക്കണമെന്നാണ് നിർദ്ദേശം.
The expert team has started the study. Will it be clear what the advantages and disadvantages of a 4-lane road are?